സ്മാര്‍ട്ട്ഫോണ്‍ ഇനി ഔദ്യോഗിക തിരിച്ചറിയല്‍ രേഖ; "ഡി~യു' (dyou) വാലറ്റ് 2027 ജനുവരിയില്‍
യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഡിജിറ്റല്‍ വാലറ്റ് (EUDIWallet) നടപ്പിലാക്കാനുള്ള കരട് നിയമത്തിന് ഫെഡറല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ജര്‍മ്മനിയുടെ ഔദ്യോഗിക ഡിജിറ്റല്‍ വാലറ്റിന് "ഡി~യു' (dyou) എന്നാണ് പേരിട്ടിരിക്കുന്നത്.
2027 ജനുവരി 2 മുതല്‍ ഇതിന്റെ ആദ്യ പതിപ്പ് പൗരന്മാര്‍ക്ക് ലഭ്യമാകും.
ബാങ്ക് അക്കൗണ്ട് തുറക്കല്‍, വിവിധ കരാറുകളില്‍ ഏര്‍പ്പെടല്‍, വാഹനം വാടകയ്ക്കെടുക്കല്‍, പ്രായപരിശോധന തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് മൊബൈലിലെ ഈ ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
ആവശ്യമുള്ള വിവരങ്ങള്‍ മാത്രം കൈമാറുന്ന "ഡാറ്റാ മിനിമൈസേഷന്‍' രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഉദാഹരണത്തിന്, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആവശ്യമായ പ്രായം തെളിയിക്കാന്‍ ജനനത്തീയതി പൂര്‍ണ്ണമായി വെളിപ്പെടുത്താതെ തന്നെ പ്രായപരിധി ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും.
ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കുന്നത് നിര്‍ബന്ധമല്ല, തികച്ചും സ്വമേധയാ (Freiwillig) മാത്രമാണ്. പിന്‍ നമ്പര്‍, വിരലടയാളം, ഫേസ് റെക്കഗ്നിഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുണ്ടാകും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഡിജിറ്റല്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാനും സൗകര്യമുണ്ടാകും. തുടര്‍ഘട്ടങ്ങളില്‍ ൈ്രഡവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകളും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കും.
70 വയസ്സ് കഴിഞ്ഞവര്‍ക്ക് കാലാവധി കഴിഞ്ഞാലും കാര്‍ഡ് ഉപയോഗിക്കാം
മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡ് (Personalausweis) എടുക്കുമ്പോള്‍ 70 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടായിരുന്ന വ്യക്തികള്‍ക്ക്, ആ കാര്‍ഡിന്റെ പത്ത് വര്‍ഷത്തെ ഔദ്യോഗിക കാലാവധി കഴിഞ്ഞാലും ജര്‍മ്മനിക്കുള്ളില്‍ തുടര്‍ന്നും അത് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും.
ഇതോടെ പത്ത് വര്‍ഷം കൂടുമ്പോള്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കേണ്ട ബാധ്യത ഇവര്‍ക്ക് ഒഴിവാകും.പ്രതിവര്‍ഷം ഏകദേശം 2,85,000 പുതിയ അപേക്ഷകള്‍ ഒഴിവാക്കാന്‍ ഈ തീരുമാനം സര്‍ക്കാരിനും പൗരന്മാര്‍ക്കും സഹായകരമാകും.
എന്നാല്‍, കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ജര്‍മ്മനിക്ക് പുറത്തേക്കുള്ള വിദേശയാത്രകള്‍ക്കോ ഓണ്‍ലൈന്‍ തിരിച്ചറിയല്‍ സേവനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയില്ല. ജര്‍മ്മനിക്കുള്ളിലെ ആഭ്യന്തര തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ ഇത് പ്രാബല്യത്തിലുണ്ടാകൂ.
വീട് മാറിയാലും പാസ്പോര്‍ട്ടില്‍ ഇനി വിലാസം മാറ്റേണ്ടതില്ല
ജര്‍മ്മനിയില്‍ വീട് മാറുന്ന (Umzug) ആളുകള്‍ക്ക് ഉണ്ടായിരുന്ന വലിയൊരു നൂലാമാലയും ഇതോടെ അവസാനിക്കുകയാണ്. നിലവില്‍ താമസം മാറുമ്പോള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന താമസസ്ഥലം (Wohnort) ഔദ്യോഗികമായി തിരുത്തേണ്ടത് നിര്‍ബന്ധമായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ നിര്‍ബന്ധം പൂര്‍ണ്ണമായും ഒഴിവാകും. പഴയ നഗരത്തിന്റെ പേര് പാസ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നതുകൊണ്ട് യാത്രാ തടസ്സങ്ങള്‍ ഉണ്ടാകില്ല. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 12 ലക്ഷം മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങളും പൗരന്മാരുടെ 20,000~ലധികം മണിക്കൂറുകളും ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
നിയമം നിലവില്‍ വരുന്നത് എപ്പോള്‍?
ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് ബില്‍ ബുണ്ടസ്റാത്തും (Bundesrat) ബുണ്ടെസ്ററാഗും (Bundestag) പരിഗണിച്ചുവരികയാണ്. പാര്‍ലമെന്റിന്റെ അന്തിമ അംഗീകാരവും ഔദ്യോഗിക ഗസറ്റ് വിജ്ഞാപനവും വന്നതിനു ശേഷമായിരിക്കും മുതിര്‍ന്നവരുടെ ഐഡി കാര്‍ഡ് സംബന്ധിച്ച ഇളവുകളും പാസ്പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍ വരുന്ന കൃത്യമായ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Comments: